ഡെല്‍ഹിയില്‍ ഇത് രണ്ടാം വര്‍ഷം. രണ്ട് വര്‍ഷം എന്തിനെ എങ്കിലും പരിപൂര്‍ണമായി തിരിച്ചറിയാന്‍ പര്യാപ്തമാണോ എന്നു ചോദിച്ചാല്‍ അല്ല. പ്രത്യേകിച്ചും മനുഷ്യരെ. എന്നും എന്റ അമ്മ പറയും “പൊന്നുരച്ചറിയണം, ആളെ ഇടഞ്ഞും”. ഈ നഗരത്തില്‍ ഒരുപാട് മലയാളി അസോസിയേഷനുകള്‍ ഉണ്ട്, ലക്ഷക്കണക്കിന്നു മലയാളികള്‍ ഉള്ളിടത്ത് അത് സ്വാഭാവികം മാത്രം. മധ്യവര്‍ഗ്ഗ വരുമാനക്കാര്‍ക്കായി ഡെല്‍ഹി ഡെവലപ്മെന്റ് അതോറിട്ടി നിര്‍മ്മിച്ച എം.ഐ.ജി ഫ്ലാറ്റുകളില്‍ ഒന്നില്‍ താമസമാക്കുമ്പോള്‍ തോന്നി, ചുറ്റുപാടുകള്‍ അതി മനോഹരം. കണ്ട മുഖങ്ങളിലൊക്കെ പുഞ്ചിരിയും. സന്തോഷം തോന്നി. പക്ഷേ രണ്ട് വര്‍ഷം ഒരു പാട് അറിവുകള്‍ നല്‍കി എന്നതാണു സത്യം. കേരളം വിട്ട് പുറം നാട്ടിലെത്തുന്ന മലയാളികള്‍ക്കിടയില്‍ പരസ്പരം കാണിക്കുന്ന സ്നേഹപ്രകടനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത ഇല്ല എന്നതാണ് സത്യം. പക്ഷേ അതില്‍ നിന്നും ഒരു പാട് വ്യത്യസ്ഥരായ ഒട്ടേറെ നല്ല മനസ്സുള്ളവരും ഉണ്ടെന്നതും പറയാതെ വയ്യ. നാടു വിട്ടിട്ടും മനസ്സിലെ നാടന്‍ ‘ടച്ച്’ ഇനിയും കളയാതെ സൂക്ഷിക്കുന്ന ഒരു പാടു പേര്‍. നാട്ടിലേക്കാള്‍ ഗംഭീരമായി അയ്യപ്പപൂജയും ക്രിസ്മസും പെരുന്നാളും ശരിയായ ചിട്ടയോടെ ആഘോഷിക്കുന്നവര്‍.
ഞാന്‍ താമസിക്കുന്ന മയൂര്‍വിഹാര്‍ ഫേസ് മൂന്ന് ഒരുകാലത്ത് മൊത്തം ഡെല്‍ഹിയിലേക്ക് പാല്‍ വിതരണം ചെയ്തിരുന്ന ഒരു സ്ഥലമായിരുന്നു. പശ്ചിമ ഡെല്‍ഹിയിലെ അറിയപ്പെടുന്ന ഒരു സ്ഥലമാകുന്നു മയൂര്‍ വിഹാര്‍. പണ്ടിവിടം മയിലുകളുടെ വിഹാരരംഗമായിരുന്നുവത്രേ. മയൂര്‍വിഹാര്‍ ഫേസ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മൂന്നു വിഭാഗമായി ഇവിടം അറിയപ്പെടുന്നു. യമുനയുടെ ഇരു കരകളിലുമായിട്ടാണ് ഡെല്‍ഹി പരന്നു കിടക്കുന്നത്. ഒരിക്കല്‍ സുന്ദരിയായിരുന്ന യമുനാനദി മുറിച്ചു കടന്നാല്‍ മയൂര്‍വിഹാറായി. ഫേസ് ത്രീ, ഒരു കാലത്ത് മൊത്തം ഡെല്‍ഹിയിലേക്കുള്ള പാല്‍ വിതരണ കേന്ദ്രമായിരുന്നുവത്രേ. കുട്ടി ആനകള്‍ കണക്കുള്ള, എരുമകള്‍, പശുക്കള്‍, പിന്നെ നിറയെ തെരുവു നായ്ക്കളും നിറഞ്ഞ ഒരിടം അതാണ് ഫേസ് ത്രീ. ചാണകം ഉണക്കി(ഉപ്പ്ലി എന്ന് ഇവിടത്തുകാര്‍ വിളിക്കും, നമ്മളതിനെ ചാണക വരളി എന്നും) ചെറിയ കൊട്ടാരങ്ങള്‍ പോലെ ഉണ്ടാക്കി വക്കുന്ന സ്ത്രീകളെ പലയിടത്തും കാണം. കാട്ടിനു പലപ്പോഴും ചാണകഗന്ധവും. കൂട്ടമായി റോഡ് മുറിച്ചു കടക്കുന്ന എരുമകള്‍ക്കു പിന്നാലെ മുഷിഞ്ഞ ധോത്തിയും ജുബയും തലയിലൊരു കെട്ടും കെട്ടി പോകുന്ന ആളെ കണ്ട് കളിയാക്കാന്‍ വരട്ടേ, കാഴ്ചയില്‍ അങ്ങിനെ ദാരിദ്ര്യം തോന്നുന്ന ഇത്തരക്കാരുടെ ബാങ്ക് ബാലന്‍സ് കേട്ടാല്‍ നമ്മള്‍ ഞെട്ടും പലരും കോടീശ്വരന്മാര്‍ ആയിരിക്കും പാല്‍ വിറ്റ് പണക്കാരാകുന്നവര്‍. ഐ.ഐ.എമ്മിലും, ഐ.ഐ.ടിയിലും ആകാം അവരുടെ മക്കളെ വിദ്യ നേടാന്‍ അയച്ചിരിക്കുക.